നാലുകെട്ട് സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.

എം.ടി വാസുദേവന്‍ നായരുടെ പ്രഥമ നോവല്‍ നാലുകെട്ട് പ്രസിദ്ധീകരിച്ച് അന്പതു വര്‍ഷം തികയുന്നു. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 2008 ജനുവരി 10 മുതല്‍ 13 വരെ തീയ്യതികളില്‍ വിപുലമായ പരിപാടികളോടെ നാലുകെട്ടിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

ഇതോടനുബന്ധിച്ച് സാഹിത്യ അക്കാദമി അങ്കണത്തില്‍ നടന്ന ആദര സമ്മേളനം സാംസ്കാരിക മന്ത്രി എം. എ. ബേബി ഉത്ഘാടനം ചെയ്തു. നാലുകെട്ട് പോലൊരു നോവല്‍ രചിച്ച, നിര്‍മ്മാല്യം പോലൊരു സിനിമ സംവിധാനം ചെയ്ത, എം ടിയെ ആദരിക്കേണ്ടത് എന്തുകൊണ്ടും അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. വികാരം മുറിപ്പെട്ടു എന്ന് കേട്ടാല്‍ സൃഷ്ടിയുമായി ഇരുട്ടിലേയ്ക്ക് മാറേണ്ട അവസ്ഥയിലാണ് കലാകാരന്‍. ഇത് ആലോചിക്കേണ്ട വിഷയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്‍റെ തൂലികത്തുന്പിലേയ്ക്ക് വരാന്‍ ഇനിയും ചില കഥാപാത്രങ്ങള്‍ കാത്തു നില്‍ക്കുന്നുണ്ടെന്ന് എം.ടി. വാസുദേവന്‍ നായര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കൂടല്ലൂരിലെ ഇടവഴികളിലും മലഞ്ചരിവുകളിലും ഇനിയും ചില മനുഷ്യര്‍ തന്നെ കാത്തു നില്‍ക്കുന്നു. നാലുകെട്ടിന്‍റെ ആഘോഷവേള വായന സംസ്കാരത്തിനുള്ള ആദരവാണെന്നും വായനക്കാരോടും തന്‍റെ ഗ്രാമത്തോടുമാണ് തനിക്ക് കടപ്പാടെന്നും എം.ടി അഭിപ്രായപ്പെട്ടു.

ആദരസമ്മേളനം എം.ടിക്കുള്ള വൈകാരിക നമോവാകമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ഡോ. സുകുമാര്‍ അഴിക്കോട് പറഞ്ഞു. സ്വന്തം നാട് എം.ടി. കാണുകയും ലോകത്തെ കാണിക്കുകയും ചെയ്തു. ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും മനുഷ്യന് അവന്‍റെ സ്വന്തം ഗ്രാമത്തിലേയ്ക്ക് മടങ്ങാതെ പറ്റില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ എം.പി. വീരേന്ദ്ര കുമാര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു.


സര്‍ഗ്ഗാത്മകതകൊണ്ട് സമൂഹത്തിന് ദിശാബോധം നല്‍കണം

സര്‍ഗ്ഗാത്മകതകൊണ്ട് എഴുത്തുകാരന്‍ സമൂഹത്തിന് ദിശാബോധം നല്‍കണമെന്ന് ചിറയ്ക്കല്‍ ടി ബാലകൃഷ്ണന്‍ നായരുടെ ജന്മശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സര്‍ഗസംവാദത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഉപഭോഗ സംസ്ക്കാരമാണ് ഇന്ന് എല്ലാവരെയും ഒന്നിച്ച് നിര്‍ത്തുന്നത്. അതുപോലെ സര്‍ഗാത്മകതകൊണ്ട് എഴുത്തുകാരെയും ഒന്നിപ്പിക്കാന്‍ കഴിയണമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് എം. മുകുന്ദന്‍ പറഞ്ഞു. ഇന്ന് എഴുത്തുകാരന്‍റെ ഊര്‍ജ്ജം മറ്റു പലതിനുമാണ് വിനിയോഗിക്കുന്നത്. ക്രീയാത്മകമായി ഒന്നും സമൂഹത്തിന് നല്‍കാന്‍ എഴുത്തുകാര്‍ക്ക് കഴിയുന്നില്ല. അതിനെ മറികടക്കാന്‍ നന്നായി എഴുതുക മാത്രമാണ് പോംവഴി. ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളോടും പ്രതികരിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞെന്ന് വരില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മുകുന്ദന്‍ പറഞ്ഞു.

എഴുത്തുകാരുടെ സൃഷ്ടികളൊന്നും സമൂഹത്തോട് പ്രതികരിക്കുന്നില്ലെന്ന് ഫാദര്‍ തോമസ് തൈത്തോട്ടത്തില്‍ പറഞ്ഞു. വിദ്യാഭ്യാസവും അറിവും വര്‍ധിച്ചിട്ടും എന്തുകൊണ്ടാണ് മനുഷ്യന്‍റെ ലോകം ചുരുങ്ങുന്നതും വര്‍ഗീയതയടക്കമുള്ള ദൂഷ്യങ്ങള്‍ വര്‍ധിക്കുന്നതുമെന്ന് എഴുത്തുകാര്‍ ചിന്തിക്കണം-ഫാ.തോമസ് പറഞ്ഞു.

രചന നടത്തിയാല്‍ പോര സൃഷ്ടിയെക്കുറിച്ച് പരസ്യവും ചെയ്യണമെന്നതാണ് എഴുത്തുകാരന്‍ നേരിടുന്ന പ്രധാന പ്രശ്നമെന്ന് പ്രഭാകരന്‍ പഴശ്ശി പറഞ്ഞു. മഹാത്മാ മന്ദിരത്തിലെ കസ്തൂര്‍ബ ഹാളില്‍ നടന്ന പരിപാടിയില്‍ സാഹിത്യ അക്കാദമി സെക്രട്ടറി ഐ. വി. ദാസ്, കെ. പി. എ. റഹീം, വി. വി. രുക്മിണി, പ്രൊഫ. മുഹമ്മദ് അഹമ്മദ് എന്നിവരും പങ്കെടുത്തു.


സാംസ്കാരിക പ്രതിഭകളെ ആദരിച്ചു

മണ്‍മറഞ്ഞ സാഹിത്യ സാംസ്ക്കാരിക പ്രതിഭകളെ കേരള സാഹിത്യ അക്കാദമി ആദരിച്ചു. നവോത്ഥാന സന്ദേശ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് കണ്ണൂര്‍ പയ്യാന്പലത്ത് ആദരായണം സംഘടിപ്പിച്ചത്

ചിറയ്ക്കല്‍ ടി ബാലകൃഷ്ണന്‍ നായരുടെ ജന്മശതാബ്ദി ആഘോത്തോടനുബന്ധിച്ച് നടന്ന ആദരായണത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ. കെ. ജി., നായനാര്‍, പാന്പന്‍ മാധവന്‍, ടി. വി. അനന്തന്‍ തുടങ്ങിയവരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സാഹിത്യ അക്കാദമി സെക്രട്ടറി ഐ. വി. ദാസിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ സാംസ്ക്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.


കേരള സര്‍ക്കാര്‍ റവന്യൂ വകുപ്പ് സാഹിത്യ അക്കാദമിക്ക് ഭൂമി സമര്‍പ്പിച്ചു

കേരളസര്‍ക്കാരിന്‍റെ റവന്യൂ വകുപ്പ് സാഹിത്യ അക്കാദമിക്ക് അനുവദിച്ച 35.65 സെന്‍റ് ഭൂമി സാഹിത്യ സാംസ്കാരികരംഗത്തെ അപൂര്‍വ്വ വ്യക്തിത്വമായ അപ്പന്‍ തന്പുരാന്‍റെ സ്മരണനിറഞ്ഞ സദസ്സില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.പി. രാജേന്ദ്രന്‍ സമര്‍പ്പിച്ചു. അയ്യന്തോള്‍ അപ്പന്‍ തന്പുരാന്‍ സ്മാരകത്തോടനുബന്ധിച്ചുള്ള റവന്യൂഭൂമിയുടെ രേഖകള്‍ അക്കാദമി പ്രസിഡന്‍റ് എം. മുകുന്ദന്‍ മന്ത്രിയില്‍ നിന്ന് സ്വീകരിച്ചു.

ഭൂമിയുടെ ലബ്ധി ബഹുമുഖവ്യക്തിത്വത്തിനുടമയായ അപ്പന്‍ തന്പുരാന്‍റെ സ്മാരകത്തിന്‍റെ വികസനത്തിന് വളരെ സഹായകമാകും.

സംസ്ഥാന സര്‍ക്കാര്‍ സാഹിത്യ അക്കാദമിക്ക് അനുവദിച്ച ഒരു കോടി രൂപയ്ക്കു പുറമേ കേന്ദ്രസര്‍ക്കാരിന്‍റെ മാച്ചിംഗ് ഗ്രാന്‍റായ ഒരു കോടി രൂപയും കൂടി ലഭിച്ചാല്‍ രണ്ടു കോടി രൂപയുടെ സാംസ്കാരിക സമുച്ചയം സ്ഥാപിക്കാനാകുമെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. ഭൂമിയില്‍ സാഹിത്യ അക്കാദമി വികസനപദ്ധതി തയ്യാറാക്കുന്പോള്‍ വരും തലമുറയ്ക്കുകൂടി ഉപയോഗപ്പെടുമാറ്, ദീര്‍ഘവീഷണമുണ്ടായിരിക്കണം. മൃഗശാല മാറ്റുന്പോള്‍ ഒഴിവുവരുന്ന സ്ഥലത്ത് സാംസ്കാരിക വിദ്യാഭ്യാസസ്ഥാപനം തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിന് അനുവദിച്ച പണത്തില്‍ നിന്നുള്ള വിഹിതംകൊണ്ട് തൃശൂരില്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള കേന്ദ്രം തുടങ്ങും. കലാമണ്ഡലം കേന്ദ്രീകരിച്ച് സാംസ്കാരിക കേന്ദ്രത്തിനു പദ്ധതിയുണ്ട്. മുസരിസ് പൈതൃകപദ്ധതിക്ക് അനുവദിച്ച 10 കോടിരൂപകൊണ്ട് സാംസ്കാരിക - വിദ്യാഭ്യാസ-ടൂറിസം വകുപ്പുകളുടെ കൂട്ടായ ശ്രമംകൊണ്ട് ലോകത്തിനു മാതൃകയാകുന്ന വിധം ഒരു പൈതൃക സ്മാരകം നിര്‍മ്മിക്കാനാകും - മന്ത്രി പറഞ്ഞു.

കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക ജാഗ്രതകൊണ്ടാണ് ഈ ഭൂമി ഇത്രയുംവേഗം ലഭ്യമായതെന്ന് എം. മുകുന്ദന്‍ പറഞ്ഞു. സ്വര്‍ഗ്ഗത്തേക്കാള്‍ വിലയുള്ളതാണ് ഈ ഭൂമി. നമ്മുടെ സാംസ്കാരികരംഗം സജീവമാണ്, തീവ്രവുമാണ്. ഇന്ന് സാംസ്കാരികപ്രവര്‍ത്തനത്തിന് ചെലവുണ്ട്- മുകുന്ദന്‍ പറഞ്ഞു. അമൂല്യമായ ഈ മണ്ണ് ഭാവിതലമുറയ്ക്ക് ഉപയോഗപ്പെടുംവിധം അനുയോജ്യമായി ഉപയോഗിച്ച് അപ്പന്‍തന്പൂരാന്‍റെ നിത്യ സ്മാരകമാക്കി മാറ്റണമെന്ന് അധ്യക്ഷത വഹിച്ച അഡ്വ. തേറന്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു.

അക്കാദമി സെക്രട്ടറി ഐ.വി.ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.വി. ശ്രീരാമന്‍, ഡോ. പി.വി. കൃഷ്ണന്‍ നായര്‍, വൈശാഖന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ജില്ലാ കളക്ടര്‍ ഡോ. എം.ബീന സ്വാഗതവും അക്കാദമി നിര്‍വ്വാഹകസമിതി അംഗം രാവുണ്ണി നന്ദിയും പറഞ്ഞു. കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്, ടി.വി. ചന്ദ്രമോഹന്‍, സി.ആര്‍. ദാസ്, ഷറഫുദ്ദീന്‍, കാരാട്ട് പ്രഭാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം.വി. ജോസ് നവോത്ഥാന ഗീതം ആലപിച്ചു. അക്കാദമി മുന്‍ സെക്രട്ടറി പ്രൊഫ. എരുമേലി പരമേശ്വരന്‍പിള്ളയുടെ ആശംസാസന്ദേശം എ. ഇന്ദിര അവതരിപ്പിച്ചു.